2026-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിവരെയുള്ള കണക്ക് പ്രകാരം 49.7 ശതമാനമാണ് പോളിങ്. എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.

ചരിത്രപരമായ പോളിങ് റെക്കോർഡ് മറികടക്കുക എന്നതാണ് ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക ലക്ഷ്യം. 1960-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 85.72% പോളിങ് ആണ്. 1987-ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത് 80.5 ശതമാനവും. 2021-ലെ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 74.06 ആയിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ പോളിംഗ് ശതമാനം ഉറപ്പാക്കാന്‍ വിപുലമായ ക്രമീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷനും നടത്തിയത്. 140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 2.71 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാർത്ഥികൾ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. കടുത്ത ചൂട് കണക്കിലെടുത്ത് രാവിലെ തന്നെ വോട്ട് ചെയ്യാൻ ആളുകൾ കൂട്ടമായി ബൂത്തുകളിലേക്ക് എത്തുകയായിരുന്നു. എല്ലാ ജില്ലകളിലും 12 മണി പിന്നിട്ടപ്പോൾ തന്നെ പോളിങ് 40 ശതമാനം കടന്നു. വൈകിട്ട് ആറുമണി വരെയാണ് പോളിങ്.