“മതവിശ്വാസവും മതാചാരവും രണ്ടാണ്. മതവിശ്വാസത്തിന് സംരക്ഷണം നല്‍കാന്‍ ഭരണകൂടത്തിനാകും. എന്നാല്‍, ഒരു മതാചാരം പൊതുചിട്ടകള്‍ക്കോ സദാചാരത്തിനോ സാമൂഹ്യാരോഗ്യത്തിനോ സര്‍ക്കാര്‍ നടപ്പാക്കുന്ന ഏതെങ്കിലും സാമൂഹ്യസുരക്ഷാ നടപടിക്കോ എതിരാണെങ്കില്‍ ജനങ്ങളുടെ പൊതുനന്മയെ കരുതി ആ ആചാരം വഴിമാറണം”. 1952ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എം സി ഛഗ്ലയും ജസ്റ്റിസ് പി ബി ഗജേന്ദ്ര ഗാഡ്കറും ഉള്‍പ്പെട്ട ബെഞ്ചില്‍നിന്നുണ്ടായ വിധിന്യായത്തിലെ ഈ ഭാഗം 2015 ഫെബ്രുവരി ഒമ്പതിന് സുപ്രീം കോടതി ആവര്‍ത്തിച്ചുറപ്പിച്ചു. ഹിന്ദുക്കളുടെ ബഹുഭാര്യാത്വം തടഞ്ഞ് ബോംബെയില്‍ ഉണ്ടായ നിയമം ഭരണഘടനയുടെ 25-ാം വകുപ്പ് അനുവദിക്കുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതാണെന്ന വാദം തള്ളിയായിരുന്നു 1952ലെ വിധി.

ഇപ്പോള്‍ ഈ കേസിലെ വിധി കോടതിക്ക് ഉദ്ധരിക്കേണ്ടിവന്നത് മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വവുമായി ബന്ധപ്പെട്ട കേസിലാണ്. ഒരു ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചത് സര്‍വീസ്ചട്ട ലംഘനമാണെന്നു കണ്ടെത്തി സര്‍ക്കാര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടയാളാണ് സുപ്രീം കോടതിയിലെത്തിയത്. ഉത്തര്‍പ്രദേശ് ജലസേചനവകുപ്പിലെ സൂപ്പര്‍വൈസര്‍ ഖുര്‍ഷിദ് അഹമ്മദ് ഖാനായിരുന്നു ഹര്‍ജിക്കാരന്‍. സബീനാ ബീഗമായിരുന്നു ആദ്യ ഭാര്യ. പിന്നീട് അഞ്ജും ബീഗതെ ഖുര്‍ഷിദ് വിവാഹം കഴിച്ചു. സബീനയുടെ സഹോദരി പരാതി നല്‍കി. സബീനയെ മൊഴിചൊല്ലിയെന്നാണ് ആദ്യം ഖുര്‍ഷിദ് വാദിച്ചത്. സര്‍വീസ് ബുക്കില്‍ പക്ഷേ പഴയ ഭാര്യയുടെ പേരാണ്. അത് മാറ്റാന്‍ വിട്ടുപോയെന്നായിരുന്നു വിശദീകരണം. എന്നാല്‍, അധികൃതര്‍ പൊലീസ്വഴി അന്വേഷിച്ചപ്പോള്‍ ആദ്യവിവാഹം ഒഴിയാതെയാണ് രണ്ടാം വിവാഹം കഴിച്ചതെന്ന് വ്യക്തമായി. തുടര്‍ന്ന് സര്‍ക്കാര്‍ അച്ചടക്കനടപടിയെടുത്ത് ഖുര്‍ഷിദിനെ പിരിച്ചുവിട്ടു. കേസ് ഹൈക്കോടതിയിലെത്തി. തെളിവുകള്‍ അനുസരിച്ച് ആദ്യവിവാഹം ഒഴിയാതെയാണ് രണ്ടാം വിവാഹമെന്ന് ഹൈക്കോടതിയും കണ്ടു. ആദ്യ ഭാര്യ കോടതിയിലെത്തി തന്നെ ഖുര്‍ഷിദ് വിവാഹമോചനം നടത്തിയിട്ടില്ലെന്ന് മൊഴിയും നല്‍കി.

പുനര്‍വിവാഹം കഴിച്ചുവെന്ന് പറയുന്ന ഖുര്‍ഷിദ് ഒരിക്കല്‍പ്പോലും വിവാഹമോചനക്കാര്യമോ പുനര്‍വിവാഹമോ സര്‍ക്കാരിനെ അറിയിച്ചിട്ടില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അച്ചടക്കനടപടി കോടതി ശരിവച്ചു. സുപ്രീം കോടതിയിലെ അപ്പീലിലാണ് മതസ്വാതന്ത്ര്യ പ്രശ്നം ഖുര്‍ഷിദ് ഉയര്‍ത്തിയത്. ഇക്കാര്യം മുമ്പുതന്നെ കോടതി തീര്‍പ്പാക്കിയതാണെന്ന് 1952 മുതലുള്ള വിധികള്‍ ഉദ്ധരിച്ച് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. മുസ്ലിങ്ങള്‍ക്ക് നാലുവരെ ഭാര്യമാരാകാം എന്ന് മുസ്ലിം വ്യക്തി നിയമത്തിലുണ്ടെന്നത് ശരിയാണ്. പക്ഷേ അതുകൊണ്ട് ഒന്നിലേറെപ്പേരെ വിവാഹം കഴിക്കാന്‍ ഇസ്ലാംമതം നിര്‍ദേശിക്കുന്നുണ്ടെന്നോ നിര്‍ബന്ധിക്കുന്നുണ്ടെന്നോ അര്‍ഥമില്ല.

ഏകഭാര്യാത്വം നിഷ്കര്‍ഷിക്കുന്ന ഒരു നിയമം അതുകൊണ്ട് ഭരണഘടന ഉറപ്പുനല്‍കുന്ന “മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമുള്ള’ സ്വാതന്ത്ര്യത്തിന്റെ നിഷേധവുമാകുന്നില്ല. മതവിശ്വാസപ്രകാരം ബഹുഭാര്യാത്വംപോലുള്ള കാര്യങ്ങളില്‍ ആര്‍ക്കെങ്കിലും ഏര്‍പ്പെടാം. പക്ഷേ അത് നിയന്ത്രിക്കാന്‍ സര്‍ക്കാരിനും അധികാരമുണ്ടാകും- കോടതി വ്യക്തമാക്കി. ഒരു ഭാര്യയുള്ളപ്പോള്‍ മറ്റൊരു വിവാഹം കഴിക്കുന്നത് സര്‍വീസ് ചട്ടത്തിന് വിരുദ്ധമാണെന്ന് കേന്ദ്ര സര്‍വീസ് ചട്ടത്തിലും പല സംസ്ഥാനങ്ങളിലെ സര്‍വീസ് ചട്ടങ്ങളിലുമുണ്ട്. ഇത് തെറ്റാണെന്ന് ഒരു കോടതിയും ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടില്ല- വിധിയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ ഖുര്‍ഷിദിന്റെ പിരിച്ചുവിടല്‍ ശരിവയ്ക്കുകയാണെന്നും സുപ്രീം കോടതി പറഞ്ഞു