പാരീസ്: വനിതാ ഗുസ്തി ഫൈനലില്‍ മത്സരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് 100 ഗ്രാം അധിക ശരീര ഭാരത്തിന്‍റെ പേരില്‍ ഇന്ത്യയുടെ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതോടെ ഉയര്‍ന്ന പ്രധാന ചോദ്യമാണ് ഫൈനലിന് മുമ്പ് വിനേഷ് പരിക്കാണെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നെങ്കില്‍ വെള്ളി മെഡലെങ്കിലും കിട്ടുമായിരുന്നില്ലെ എന്ന്. എന്നാൽ യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗ് ഇക്കാര്യത്തില്‍ എന്താണ് പറയുന്നത് എന്ന് നോക്കാം.

മത്സരദിവസമുള്ള പതിവ് ഭാരപരിശോധനയില്‍ 100 ഗ്രാം പോയിട്ട് ഒരു മില്ലി ഗ്രാം അധിക ഭാരമുണ്ടായിരുന്നെങ്കില്‍ പോലും വിനേഷ് അയോഗ്യയാക്കപ്പെടുമായിരുന്നു.ശരീരത്തിന്‍റെ അധികഭാരം കുറക്കാനാവില്ലെന്ന് ഉറപ്പായശേഷം മത്സരദിവസം പരിക്കാണെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നെങ്കിലും വിനേഷിന് വെള്ളി മെഡല്‍ ലഭിക്കുമായിരുന്നില്ല എന്നാണ് യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗിന്‍റെ നിയമത്തില്‍ പറയുന്നത്. കാരണം, മത്സരദിവസം പരിക്കിന്‍റെ പേരില്‍ ഒരു താരം മത്സരത്തിൽ നിന്ന് പിന്‍മാറിയാലും യുനൈറ്റഡ് വേള്‍ഡ് റസ്ലിംഗ് ചുമതലപ്പെടുത്തുന്ന മെഡിക്കല്‍ ഓഫീസര്‍ ആ താരത്തെ വിശദമായി പരിശോധിക്കണമെന്നാണ് നിയമം.വൈദ്യ പരിശോധനക്കുശേഷം താരത്തിന്‍റെ ഭാരപരിശോധന നടത്തും. ഭാരപരിശോനക്ക് വിസമ്മതിക്കുയോ അധികഭാരമുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താലും ആ താരം അയോഗ്യയാക്കപ്പെടുമെന്നാണ് നിയമം. അതുകൊണ്ട് തന്നെ ഫൈനല്‍ ദിവസം പിന്‍മാറിയിരുന്നെങ്കിലും വിനേഷിന് വെള്ളി മെഡല്‍ കിട്ടില്ലെന്ന് ചുരുക്കം.

വെള്ളി നിലനിര്‍ത്താന്‍ വിനേഷിന് മുന്നിലുണ്ടായിരുന്നത് ഒരേയൊരുവഴി

എന്നാല്‍ വെള്ളി മെഡലെങ്കിലും നിലനിര്‍ത്താന്‍ വിനേഷിന് മുന്നില്‍ യാതൊരു സാധ്യതകളുമില്ലായിരുന്നോ എന്നചോദ്യത്തിന് ഒരു വഴിയുണ്ടായിരുന്നു എന്നാണ് ഉത്തരം.അത് പക്ഷെ ആദ്യ ദിവസത്തെ സെമി മത്സരത്തിലെ വിജയത്തിന് ശേഷമായിരുന്നു എന്ന് മാത്രം. ആദ്യ ദിവസം ഫൈനലിലെത്തിയശേഷം വിനേഷ് പരിക്കാണെന്ന് പറഞ്ഞ് പിന്‍മാറിയിരുന്നെങ്കില്‍ ഫൈനലില്‍ മത്സരിക്കാതെ തന്നെ വിനേഷിന് വെളളി മെഡല്‍ കിട്ടുമായിരുന്നു. കാരണം ആദ്യ ദിവസത്തെ മത്സരം കഴിഞ്ഞാല്‍ പിന്നീട് ഭാരപരിശോധന നടത്തില്ല.

എന്നാല്‍ ആദ്യ ദിവസത്തെ മത്സരശേഷം അധികഭാരം തിരിച്ചറിഞ്ഞെങ്കിലും വിനേഷ് ഫൈനലില്‍ മത്സരിക്കാമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു. അതിനായാണ് രാത്രി ഉറക്കം പോലും ഉപേക്ഷിച്ച് ഒതു തുള്ളി വെള്ളം പോലും കുടിക്കാതെയും ഒരു തരി ഭക്ഷണം പോലും കഴിക്കാതെയും സൈക്ലിംഗിലും ജോഗിംഗിലും ജിമ്മിലുമെല്ലാം കഠിന വ്യായാമം ചെയ്തത്. എന്നാൽ 100 ഗ്രാം അധികഭാരത്തിന്‍റെ രൂപത്തില്‍ നിര്‍ഭാഗ്യം വിനേഷിനെയും ഇന്ത്യയെയും പിടികൂടിയെന്ന് മാത്രം.