നഗരങ്ങളില്‍ എല്ലാ ദരിദ്രര്‍ക്കും വീട്

നഗരങ്ങളില്‍ എല്ലാ ദരിദ്രര്‍ക്കും വീട്
കേന്ദ്രസര്‍ക്കാര്‍ ഈയിടെ പ്രഖ്യാപിച്ച ‘2022 ഓടെ എല്ലാവര്‍ക്കും വീട്’ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിക്കഴിഞ്ഞു. പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങളാണ് പദ്ധതിയിലുള്ളത്. നഗരങ്ങളിലെ എല്ലാ ദരിദ്ര കുടുംബങ്ങള്‍ക്കും വീട് നല്‍കുന്ന പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. ഏഴുവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. ഭര്‍ത്താവും ഭാര്യയും വിവാഹം കഴിയാത്ത മക്കളും അടങ്ങുന്ന കുടുംബമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഗുണഭോക്താക്കളാകുന്ന കുടുംബത്തിലെ അംഗങ്ങളിലാര്‍ക്കും രാജ്യത്തെവിടെയും വീടുണ്ടാകാന്‍ പാടില്ളെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പുതിയ പദ്ധതിയുടെ ഗുണഭോക്താക്കളാകുന്നതിന് മാത്രമായിരിക്കും പുതുതായി കുടിയേറിയ താല്‍ക്കാലിക കുടിയേറ്റക്കാരെ പരിഗണിക്കുന്നതെന്നും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങളോടെ 30 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള വീടുകളുടെ നിര്‍മാണ സഹായമാണ് സര്‍ക്കാര്‍ നല്‍കുക. വീടിന്‍െറ വലുപ്പത്തിന്‍െറയും സൗകര്യങ്ങളുടെയും കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കേന്ദ്ര നഗരവികസന മന്ത്രാലയവുമായി കൂടിയാലോചിച്ച് മാറ്റം വരുത്താം. അധിക സാമ്പത്തിക ബാധ്യത കേന്ദ്ര സര്‍ക്കാര്‍ വഹിക്കില്ല. 2011ലെ സെന്‍സസില്‍ കണക്കാക്കിയ 4041 പട്ടണങ്ങളിലാണ് പദ്ധതി. ഒന്നാംഘട്ടമെന്ന നിലയില്‍ സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും നിര്‍ദേശിക്കുന്ന 100 നഗരങ്ങളില്‍ പദ്ധതി 2017മാര്‍ച്ചിന് മുമ്പ് നടപ്പാക്കും. 2017 ഏപ്രില്‍ മുതല്‍ 2019 മാര്‍ച്ച് വരെയുള്ള രണ്ടാം ഘട്ടത്തില്‍ 200 നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. 2019 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ചുവരെ ബാക്കി പട്ടണങ്ങളിലും പദ്ധതി നടപ്പാക്കും

ആനുകൂല്യം:

നഗരവാസികള്‍ക്ക് പദ്ധതി പ്രകാരം നാല് ശതമാനം പലിശയ്ക്ക് വായ്പ അനുവദിക്കും. നിലവിലെ ഭവനവായ്പ പലിശ നിരക്കായ 10.5 ശതമാനത്തില്‍നിന്ന് അഞ്ച് ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ് പലിശയില്‍ ഇളവ് ലഭിക്കുക.പ്രതിമാസം 6,632 രൂപയാണ് യഥാര്‍ത്ഥത്തില്‍ അടയ്‌ക്കേണ്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കഴിഞ്ഞ് 4,050 രൂപ അടച്ചാല്‍മതി. പ്രതിമാസ അടവില്‍ 2,582 രൂപയുടെ ഇളവുണ്ടാകും. 15 വര്‍ഷകാലാവധിയുള്ള വായ്പയില്‍ മൊത്തം 2.30 ലക്ഷം രൂപയുടെ സാമ്പത്തിക ലാഭം ഇതുവഴിയുണ്ടാകും.

ആര്‍ക്കൊക്കെ ലഭിക്കും?

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, ചേരി നിവാസികള്‍, താഴ്ന്നവരുമാനക്കാര്‍ തുടങ്ങിയവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇവരില്‍തന്നെ, വിധവകള്‍, വനിതകള്‍, പട്ടികജാതി-പട്ടികവര്‍ഗക്കാര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.

പദ്ധതി

നാല് ഭാഗങ്ങളായാണ് പദ്ധതി നടപ്പാക്കുക.
1.ചേരി നിര്‍മാര്‍ജന പരിപാടി
സ്വകാര്യസംരംഭകരുടെ സഹായത്തോടെയാണ് ചേരികളുടെ നവീകരണ പദ്ധതി നടപ്പാക്കുക. കേന്ദ്ര സര്‍ക്കാര്‍ വീടൊന്നിന് ഒരു ലക്ഷം രൂപ എന്ന കണക്കില്‍ നല്‍കുന്ന ഗ്രാന്റ് ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി നടപ്പാക്കും.ചേരിയില്‍ കഴിയുന്നവര്‍ താമസിക്കുന്ന ഭൂമി വിട്ടുകൊടുത്ത് സ്വകാര്യ പങ്കാളിത്തത്തോടെ ആ ഭൂമി വികസിപ്പിച്ച് അര്‍ഹരായ എല്ലാവര്‍ക്കും വീട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഭൂമികളിലും സ്വകാര്യ ഭൂമികളിലുമുള്ള ചേരിവാസികളെ പരിഗണിക്കും.
2. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്
ഭവനവായ്പയെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സബ്സിഡി:
വായ്പ അധിഷ്ഠിത സബ്‌സിഡ് പദ്ധതിയായി സഹായം അനുവദിക്കും. ഭവനവായ്പയ്ക്ക് 6.5ശതമാനം പലിശ കേന്ദ്ര സബ്‌സിഡിയായി ലഭിക്കും. ഇതിലൂടെ നാല് ശതമാനം പലിശമാത്രമാണ് വീട്ടുടമ അടയ്‌ക്കേണ്ടിവരിക. നഗരങ്ങളിലെ സാമ്പത്തിക ദുര്‍ബല വിഭാഗങ്ങളും (ഇ.ഡബ്ള്യു. എസ്) വരുമാനം കുറഞ്ഞ വിഭാഗങ്ങളും (എല്‍.ഐ.ജി) എടുക്കുന്ന ഭവനവായ്പകള്‍ക്കാണ് സബ്സിഡി. ഇ.ഡബ്ള്യു. എസ് വിഭാഗങ്ങള്‍ക്ക് 60 ചതുരശ്ര മീറ്ററും എല്‍.ഐ.ജി വിഭാഗങ്ങള്‍ക്ക് 30 ചതുരശ്ര മീറ്ററും വലുപ്പത്തിലുള്ള പാര്‍പ്പിടമൊരുക്കുന്നതിന് എടുക്കുന്ന വായ്പയുടെ 15 വര്‍ഷത്തേക്കുള്ള 6.5 ശതമാനം പലിശവരെ സബ്സിഡി നല്‍കും.
3. നഗരത്തിലെ പിന്നാക്കക്കാര്‍ക്ക്
പങ്കാളിത്തത്തിലൂടെ ചെലവു കുറഞ്ഞ വീട്:
ഓരോ വീടിനും ഒന്നര ലക്ഷം രൂപയുടെ സഹായമാണ് അനുവദിക്കുക. നഗരത്തില്‍ ജീവിക്കുന്ന പിന്നാക്കകാര്‍ക്കാണ് ഈ ആനുകൂല്യമാണ് ലഭിക്കുക. പൊതുമേഖല-സ്വകാര്യ ബാങ്കുകളെ സഹകരിപ്പിച്ചായിരിക്കും പദ്ധതി.നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ക്ക് (ഇ.ഡബ്ള്യു. എസ്) സ്വകാര്യ സംരംഭകരുടെയും മറ്റു ഏജന്‍സികളുടെയും പങ്കാളിത്തത്തില്‍ ചെലവ് കുറഞ്ഞ വീട് നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കും. വീടൊന്നിന് ഒന്നര ലക്ഷം രൂപ തോതില്‍.
4. സാമ്പത്തിക സഹായം നേരിട്ട്

നഗര പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കുക. നിലവിലുള്ള വീട് നവീകരിക്കുന്നതിനോ, പുതിയത് പണിയുന്നതിനോ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. ഗുണഭോക്താവ് മുന്‍കൈ എടുത്ത് ഭവനനിര്‍മാണം: മറ്റ് മൂന്ന് പദ്ധതികളിലും ഉള്‍പ്പെടാത്ത നഗരങ്ങളില്‍ ജീവിക്കുന്ന സാമ്പത്തിക ദുര്‍ബല വിഭാഗങ്ങള്‍ (ഇ.ഡബ്ള്യു. എസ്) സ്വന്തം മുന്‍കൈ എടുത്ത് വീട് നിര്‍മിക്കുകയോ വാങ്ങുകയോ ചെയ്യുകയാണെങ്കില്‍ 1.5 ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കും.പൊതുമേഖല ബാങ്കുകള്‍ക്കു പുറമേ, സഹകരണ ബാങ്കുകള്‍, അര്‍ബന്‍ സഹകരണ ബാങ്കുകള്‍, ചെറുകിട ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷനുകള്‍ തുടങ്ങിയവയെയും പദ്ധതിക്ക് കീഴില്‍ കൊണ്ടുവരും. വായ്പാദാതാക്കള്‍ക്ക് ഗുണകരമാകുന്ന വിധത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ സര്‍ക്കാര്‍ വായ്പ സബ്‌സിഡി കൈമാറും.

കേന്ദ്ര ഗ്രാന്‍റ് ലഭിക്കാന്‍ സംസ്ഥാനസര്‍ക്കാറുകള്‍ക്കോ ഹൗസിങ് ബോര്‍ഡുകള്‍പോലുള്ള ഏജന്‍സികള്‍ക്കോ നിര്‍ധനവിഭാഗങ്ങള്‍ക്കുള്ള വീടുനിര്‍മാണം ഏറ്റെടുക്കാം. പലിശയിളവു നല്‍കുന്നതൊഴികെയുള്ള പദ്ധതികള്‍ കേന്ദ്രം സ്‌പോണ്‍സര്‍ചെയ്യുന്ന പദ്ധതിയായിട്ടാണ് നടപ്പാക്കുക.

നഗരമേഖലയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ ഭൂമിയുടെ ലഭ്യതയ്ക്കുവേണ്ടി ചില പരിഷ്‌കരണം നടത്തേണ്ടതനിവാര്യമാണ്. ഗൃഹനാഥയുടെപേരില്‍ മാത്രമായോ പുരുഷന്റെയും ഭാര്യയുടെയും പേരില്‍ ഒന്നിച്ചോ ആണ് വീടനുവദിക്കുക.

ഏഴ് വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ 4041 പട്ടണങ്ങളിലും പലിശയിളവുപദ്ധതി തുടക്കത്തിലേ നടപ്പാക്കും. ഇതനുസരിച്ച് ഏഴുവര്‍ഷത്തിനുള്ളില്‍ രണ്ടുകോടി വീടുകളുയരും.

തുടക്കത്തില്‍ 500 ‘ക്ലാസ് ഒന്ന്’ നഗരങ്ങള്‍ക്ക് ഊന്നല്‍നല്‍കും. 2015മുതല്‍ ’17വരെ 100 നഗരങ്ങളിലും 2017 മുതല്‍ ’19വരെ 200 നഗരങ്ങളിലും തുടര്‍ന്ന് ബാക്കി നഗരങ്ങളിലും പദ്ധതി നടപ്പാക്കും. നഗരങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശമനുസരിച്ച് കേന്ദ്രമന്ത്രാലയം ഭേദഗതി വരുത്തും.

എല്ലാവര്‍ക്കും വീട് പദ്ധതിയുടെകീഴില്‍ സാങ്കേതികമിഷനും പ്രവര്‍ത്തിക്കും. ആധുനിക വീടുനിര്‍മാണം, പുതിയ സാങ്കേതികവിദ്യകള്‍, പരിസ്ഥിതിസൗഹൃദനിര്‍മാണരീതി, സംസ്ഥാനങ്ങളിലെ മികച്ച നിര്‍മാണരീതികള്‍ പരസ്പരം കൈമാറല്‍ എന്നിവയ്ക്കുവേണ്ടിയാണിത്.

Leave a reply

Your email address will not be published. Required fields are marked *